NEWS

ഉറുദു നോവലിസ്റ്റ് സുലൈഖ ഹുസൈന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഉറുദു നോവലിസ്റ്റും കേന്ദ്ര ഉര്‍ദു ഫെലോഷിപ്പ് കമ്മിറ്റി അംഗവുമായ സുലൈഖ ഹുസൈന്‍ (85) അന്തരിച്ചു. വാര്‍ദ്ധക്യ രോഗങ്ങളെ തുടര്‍ന്ന് കടവന്ത്രയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കബറടക്കം ചൊവ്വാഴ്ച വൈകീട്ട് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

എറണാകുളം വടുതല എസ്.എസ്.കെ.എസ്. റോഡ് ഫാറൂക്കില്‍ പരേതനായ ഹുസൈന്‍ സേഠാണ് ഭര്‍ത്താവ്. മക്കള്‍: അസീസ് ഭായി (കൊല്ലം), പരേതരായ ഫാറൂഖ്, ഷമാഭായി. മരുമക്കള്‍: പരേതനായ അബ്ദുള്‍കരീം സേഠ്, തമന്ന ഫാറൂഖ്.

1950-ല്‍ ഡല്‍ഹി ആസ്ഥാനമായുള്ള ചമന്‍ ബുക്ക് ഡിപ്പോയാണ് സുലൈഖയുടെ 'മേരേ സനം' (എന്റെ പ്രിയതമ) എന്ന ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചത്. വടക്കേ ഇന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ സ്ത്രീയുടെ പ്രണയവും വിരഹവും ഏകാന്തതയും പ്രമേയമാക്കി രചിച്ച ഈ പുസ്തകം വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു. തുടര്‍ന്ന് മേരെ സനം എന്ന പേരില്‍ ഇറക്കിയ സിനിമ ഹിറ്റാകുകയും ചെയ്തു. ആപ്പാ (ചേച്ചി), സബാ (മന്ദമാരുതന്‍), പഥര്‍കിലകീര്‍ (കല്ലിന്റെ വര), യാദോംകി സീതം (ഓര്‍മകളുടെ നൊമ്പരം), ദുഷ്വാര്‍ഹുവാജീന (ജീവിതം പ്രയാസകരം), താരികീയോകെബാദ് (ഇരുട്ടിന് ശേഷം) തുടങ്ങി 35 നോവലുകള്‍ ഇന്ത്യയിലെയും പാകിസ്താനിലെയും പ്രസാധകര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ചമന്‍ ബുക്ക് ഡിപ്പോ, ലാഹോറിലെ ഹാമീദ് ബ്രദേഴ്‌സ് എന്നിവരായിരുന്നു പ്രധാനമായും കൃതികള്‍ പുറത്തിറക്കിയത്.

ഇന്ത്യക്ക് പുറമേ പാകിസ്താന്‍, ബംഗ്ലാദേശ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും സുലൈഖയുടെ നോവലുകള്‍ക്ക് ഏറെ വായനക്കാരുണ്ടായി. 'നസീബ് കിബാത്തേ' എന്ന ഉര്‍ദു നോവലില്‍ ആലപ്പുഴയെയും കേരളത്തെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്ത് ശമ, ഖാത്തൂന്‍ എന്നീ ഉര്‍ദു മാസികകളിലും സുലൈഖ എഴുതുമായിരുന്നു.

ഉത്തരേന്ത്യന്‍ സര്‍വകലാശാലകള്‍, സാംസ്‌കാരിക സമിതികള്‍, പാകിസ്താനിലെ ഉര്‍ദു സംഘടനകള്‍, കേരള സംസ്ഥാന സാംസ്‌കാരിക, സാമൂഹ്യക്ഷേമ വകുപ്പ്, കൊച്ചി കോര്‍പ്പറേഷന്‍, കലിക്കറ്റ് സര്‍വകലാശാല തുടങ്ങിയവ വിവിധ പുരസ്‌കാരങ്ങള്‍ നല്‍കി സുലൈഖയെ ആദരിച്ചിട്ടുണ്ട്


No comments:

Post a Comment