Wednesday 16 July 2014

ഉറുദു നോവലിസ്റ്റ് സുലൈഖ ഹുസൈന്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ ഉറുദു സാഹിത്യകാരി സുലൈഖ ഹുസൈന്‍ (84)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

പുല്ലേപ്പടി അരങ്ങത്ത് റോഡില്‍ സുലൈഖ ഹുസൈന്‍ മലയാളികള്‍ക്ക് സുപരിചിതയല്ലെങ്കിലും വടക്കേ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഉറുദു ഭാഷാ പ്രേമികളുടെ പ്രിയങ്കരിയാണ്. 35 നോവലുകളും നിരവധി ചെറുകഥകളും എഴുതിയ സുലൈഖയുടെ ഒരു നോവല്‍ ഹിന്ദിയില്‍ സിനിമയായിട്ടുണ്ട്. പ്രശസ്തിയുടെയും പുരസ്‌കാരങ്ങളുടെയും ലോകത്ത് നിന്ന് സ്വയം അകന്നു ജീവിച്ച സുലൈഖയെ മലയാള സാഹിത്യ ലോകം ശ്രദ്ധിക്കുക പോലും ചെയ്തില്ല.

1930ല്‍ മട്ടാഞ്ചേരിയിലെ കച്ചവടക്കാരനായ ഹാജി അബ്ദുല്ല അഹമ്മദ് സേഠിന്റെയും മറിയംബീവിയുടെയും മകളായി കച്ചി മേമന്‍ കുടുംബത്തിലാണ് സുലൈഖയുടെ ജനനം. സുലൈഖ കുത്തിക്കുറിച്ച കുട്ടിക്കവിതകളില്‍ സാഹിത്യഭംഗിയുണ്ടെന്ന് ആദ്യം കണ്ടെത്തിയത് മാതൃപിതാവായ ജാനി സേഠായിരുന്നു.
പതിനഞ്ചാമത്തെ വയസ്സില്‍ എറണാകുളം സ്വദേശി ഹുസൈന്‍ സേഠിനെ വിവാഹംകഴിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവ്. സാഹിത്യതല്‍പ്പരനായ ഭര്‍ത്താവ് കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചതോടെ സുലൈഖ എന്ന എഴുത്തുകാരിക്ക് ചിറകു മുളച്ചു. സുലേഖയുടെ സൃഷ്ടിയുടെ ആദ്യവായനക്കാരിലൊരാള്‍ ഭര്‍ത്താവായിരുന്നു. കുടുംബത്തില്‍നിന്നുണ്ടായ എതിര്‍പ്പിനെ അതിജീവിക്കാന്‍ സുലൈഖയ്ക്ക് കരുത്തായി മരിക്കുന്നതുവരെ അദ്ദേഹം ഒപ്പംനിന്നു.

1950ല്‍ ഇരുപതാമത്തെ വയസ്സില്‍ ഡല്‍ഹി ആസ്ഥാനമായുള്ള ചമന്‍ ബുക്ക് ഡിപ്പോയാണ് ‘മേരേ സനം’ (എന്റെ പ്രിയതമ) എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിച്ചത്. പുസ്തകത്തില്‍ മേല്‍വിലാസവും ഫോട്ടോയും കൊടുക്കരുതെന്ന വല്യുമ്മ ആസിയാബായിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് അതൊഴിവാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. തന്റെ നോവല്‍ അച്ചടിച്ചുകാണുന്നതിലുള്ള സന്തോഷത്തില്‍ എന്തു വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നു സുലൈഖ. ഈ നോവല്‍ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിയ ആള്‍ സ്വന്തം നോവല്‍ എന്ന മട്ടില്‍ വിറ്റു. വടക്കേ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ സ്ത്രീയുടെ പ്രണയവും വിരഹവും ഏകാന്തതയും പ്രമേയമാക്കി രചിച്ച പുസ്തകം വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു. മേരെ സനം എന്ന പേരില്‍ സിനിമ വന്‍ ഹിറ്റാകുകയും ചെയ്തു.

വടുതല ഡോണ്‍ബോസ്‌കോയ്ക്കു സമീപമുള്ള വീട്ടില്‍ തന്റെതന്നെ നോവലിലെ ഒരു ദുരന്തനായികയെപ്പോലെയാണ് സുലൈഖ ഹുസൈന്‍ ജീവിച്ചത്. മൂത്ത മകന്‍ അസീസ് ഭായി(കൊല്ലം), മരുമക്കള്‍: പരേതനായ അബ്ദുള്‍കരീം സേഠ്, തമന്ന ഫാറൂഖ്.